District News
മാന്നാർ: ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം പുതുപ്പള്ളി അയ്യങ്കുളം വീട്ടിൽ പരേതരായ സുകുമാരന്റെയും രാധുവിന്റെയും മകൻ മിഥുൻകുമാർ (39) ആണ് മരിച്ചത്. ഭാര്യവീടായ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം പൂവൻതറയിൽ വീട്ടിൽ എത്തിയ യുവാവ് ഇന്നലെ ഉച്ചക്ക് 3.30ന് വീടിന്റെ സമീപത്തുള്ള മഞ്ഞപ്പള്ളിക്കടവിൽ വസ്ത്രം അലക്കാനും കുളിക്കാനുമെത്തിയപ്പോൾ കാൽവഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മാന്നാർ പോലീസിൽ വിവരമറിയിച്ചു. ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷ യൂണീറ്റും സ്കൂബാ ടീമും തിരച്ചിൽ നടത്തി. 4.50 ഓടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. കോട്ടയം പുതുപ്പള്ളി കേന്ദ്രീകരിച്ച് ഫാബ്രികേഷൻ തൊഴിൽ നടത്തുന്ന ആളാണ്. ഭാര്യ: സൗമ്യ മിഥുൻ, മകൾ: മൃദുല മിഥുൻ.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലിയിൽ വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാക്കളുടെ സംഘത്തിന് നേരെ സിംഹത്തിന്റെ ആക്രമണം. സിംഹത്തിന്റെ കടിയേറ്റ് ഇരുപത്തിയൊന്നുകാരനായ സോഹിൽ മേമൻ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. വനത്തിൽ അനധികൃതമായി പ്രവേശിച്ച ഒരു സംഘം യുവാക്കൾക്ക് നേരെയായിരുന്നു വന്യമൃഗത്തിന്റെ ആക്രമണമുണ്ടായത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. വനത്തിനുള്ളിൽ സിംഹങ്ങളെ കാണുക എന്ന ലക്ഷ്യത്തോടെയാണ് സോഹിലും സുഹൃത്തുക്കളും അടങ്ങുന്ന സംഘം നിയമം ലംഘിച്ച് ഉൾവനത്തിലേക്ക് കടന്നതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
സിംഹങ്ങൾ ഇണചേരുന്ന സമയത്താണ് യുവാക്കൾ വനത്തിൽ പ്രവേശിച്ചതും പ്രകോപനപരമായ രീതിയിൽ പെരുമാറിയതും. ഇതോടെ പ്രകോപിതനായ ആൺസിംഹം യുവാക്കൾക്ക് നേരെ തിരിയുകയും സോഹിലിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം യുവാവിനെ സിംഹം ഉൾവനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ പ്രയത്നിച്ചാണ് മൃതദേഹം വീണ്ടെടുത്തത്. നരഭോജിയായ സിംഹത്തെ മയക്കുവെടി വെച്ച് വീഴ്ത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് സോഹിലിന്റെ മൃതദേഹത്തിന് അരികിലേക്ക് എത്താൻ സാധിച്ചത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ 17 വയസുകാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പോലീസ് അറസ്റ്റ് ചെയ്തു.
കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കൊലപാതകം. തർക്കത്തെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് ടീമും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജ് വാഗ്മാരെ പിടിയിലായത്. സംഭവത്തിൽ സമത നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
കാസർഗോഡ്: കൊറിയർ സർവീസ് വഴി എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ചിത്താരി സ്വദേശിയായ ജാവിദ് അലവി(33) യെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ ചിത്താരിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മെയ് 22ന് രാത്രി 7.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അജാനൂർ ഗ്രാമത്തിലെ മടിയൻ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴി മാരക മയക്കുമരുന്ന് കടത്താനായിരുന്നു പ്രതിയുടെ ശ്രമം.
പാർസൽ അയക്കാനായി നൽകിയ പാക്കറ്റിൽ 1.580 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. പാർസൽ അയക്കാനായി എത്തിയ ജാവിദ് അപൂർണ്ണമായ വിലാസമാണ് നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊറിയർ ജീവനക്കാർ അയക്കുന്നയാളുടെ പൂർണമായ വിലാസം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തനായ യുവാവ് പാർസൽ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
District News
പുന്നയൂർക്കുളം: കഴിഞ്ഞദിവസം പാലപ്പെട്ടിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിയങ്കോട് പത്തുമുറിക്കു സമീപം മുക്ക്രിയകത്ത് അബുവിന്റെ മകൻ മഷൂദ്(18) ആണ് മരിച്ചത്.
കബറടക്കം നടത്തി. മാതാവ്: ആയിഷ. സഹോദരങ്ങൾ: റിസ്ന, ജെസ്ന. പ്ലസ്ടു കഴിഞ്ഞ മഷൂദ് ഡിഗ്രിക്ക് ചേരുവാൻ ശ്രമിക്കുകയായിരുന്നു. അപകടത്തിൽ മഷൂദിന്റെ കൂട്ടുകാരായ അൻഷീഫ്, ഫാറൂഖ് എന്നിവർക്കും പരിക്കേറ്റിരുന്നു.
Kerala
കൊല്ലം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് 21 കാരനായ ആദിത്യനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
2025 ഡിസംബറിൽ പ്രതി അതിജീവിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് 2026 ജനുവരിയിലും മാർച്ചിലും വീണ്ടും ലൈംഗികാതിക്രമം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
ഇടുക്കി: തങ്കമണിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. തങ്കമണി തമ്പുരാൻകുന്ന് റോയിയുടെ മകൻ അബിൻ(20) ആണ് മരിച്ചത്.
ഇന്ന് രാത്രി ഏഴോടെയാണ് സംഭവം. സ്വന്തം കൃഷിയിടത്തിലെ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതിവീണാണ് അപകടം.
ബംഗളൂരുവിൽ നേഴ്സിംഗ് വിദ്യാർഥിയായ അബിൻ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. മൃതദേഹം തങ്കമണി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കാഞ്ഞങ്ങാട്: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വെള്ളിക്കോത്ത് ആലിങ്കാലിലെ അനീഷ് (37) ആണ് മരിച്ചത്. പുതിയകോട്ടയിലെ പച്ചക്കറിക്കടയിൽ ജോലിചെയ്തുവരികയായിരുന്നു. അഞ്ചുദിവസം മുമ്പ് കാഞ്ഞങ്ങാട് കുശാൽ നഗറിലെ റെയിൽപാളത്തിലാണ് അനീഷിനെ പരിക്കേറ്റ നിലയിൽ കണ്ടത്.
ജില്ലാ ആശുപത്രിയിലും തുടർന്ന് കാസർഗോട്ടെയും കാഞ്ഞങ്ങാട്ടെയും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിൽ കഴിയുകയായിരുന്നു.
പരേതനായ പി. കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: സിന്ധു. മകൾ: ശ്രാവണിക. സഹോദരങ്ങൾ: മിനി (പ്ലാച്ചിക്കര) സുനിൽ.
National
തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ നാൽപ്പതുകാരനെയും അഞ്ചു വയസുള്ള മകനെയും അക്രമിസംഘം വെട്ടിക്കൊന്നു. കല്ലിഡായ്ക്കുറിച്ചി- തിരുനെൽവേലി ഹൈവേയിലെ വള്ളാത്ത് നന്പികുളത്തായിരുന്നു ആക്രമണം.
കാളിമുത്തുവും മകനുമാണു കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കാളിമുത്തുവിനെ അക്രമിസംഘം കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കാളിമുത്തുവിന്റെ തല റോഡിൽ ഉപേക്ഷിച്ച ബാഗിൽനിന്ന് കണ്ടെടുത്തു.
കാളിമുത്തുവിന്റെ മൂത്തമകനായ പതിനഞ്ചുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പോലീസിന്റെ നിഗമനം.
Kerala
മുഹമ്മ: മണ്ണഞ്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ കാക്കാഴം തോപ്പിൽ ഷഹാൻ (23) ആണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മണ്ണഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഷഹാൻ പിടിയിലായത്. രണ്ട് ഗ്രാം എംഡിഎംഎ ആണ് യുവാവ് താമസിക്കുന്ന വീട്ടിൽ നിന്നും പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിൽ പോലീസ് കണ്ടെത്തിയത്.
എസ്ഐ ടോമിൻ ജോസ്, എഎസ്ഐ ബിജു, ജിഎഎസ്ഐ ഉല്ലാസ്, ലേഖ, സിപിഒ സുധീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: അങ്കമാലി ദേശീയപാതയില്‍ ടെല്‍ക്ക് വളവില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ ആറാട്ടുപുഴ സ്വദേശി സി.ആര്. ശരത് (34) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ഉടനെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
Kerala
ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണൂർ സ്വദേശി പ്രവീൺ ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ഇടുക്കി ഏലപ്പാറയിലാണ് അപകടം. പ്രവീണും സുഹൃത്തും സ്കൂട്ടറിൽ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഉണങ്ങി നിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു.
കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
District News
നാദാപുരം: അമിത വേഗതയിലും ഭീതി പരത്തുന്ന വിധത്തിലും സംസ്ഥാന പാതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. സംഭവത്തിൽ തൂണേരി പട്ടാണി സ്വദേശി മുഹമ്മദലി (28) നെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഒലിപ്പിൽ മുക്കിലും പരിസരത്തെയും റോഡിൽ ഭീതി പരത്തുന്ന വിധം വാഹന മോടിച്ചത്
തൂണേരി സ്വദേശി ഒറ്റപ്പിലാവുള്ളതിൽ മുഹമ്മദ് ആഷിഖ് (32) ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മോട്ടോർ ബൈക്കിൽ ഇരിക്കുകയായിരുന്ന ആഷിഖിനെ പ്രതി കത്തി കൊണ്ട് മുഖത്ത് കുത്തുകയായിരുന്നു.
അക്രമസക്തനായ മുഹമ്മദലിലെ നാട്ടുകാരും സ്ഥലത്ത് എത്തിയ പോലീസും ചേർന്ന് ബലമായി പിടികൂടുകയായിരുന്നു. പരിക്കേറ്റ ആഷിഖിനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. കായംകുളം എരുവ കരിപ്പുഴത്തോട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
എരുവ ചിറകുളങ്ങര വീട്ടിൽ ശരത് (വിഷ്ണു-40) ആണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം വള്ളം തുഴയുന്നതിനിടയിൽ യുവാവ് അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് വിവരം.
നാട്ടുകാരും കായംകുളം പോലീസും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് നടത്തിയ ഏറെ നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. പിതാവ്: ശശി. മാതാവ്: ഗിരിജ. സഹോദരി: അശ്വതി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കൊച്ചി: ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വൻ ജോലി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പാലാരിവട്ടം സ്വദേശി വിമൽ എസ്. നമ്പൂതിരിയാണ് അറസ്റ്റിലായത്.
ഇൻഡ്യൻ നേവിയിലെ ഇന്റലിജൻസ് വിഭാഗവും കേരള പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായത്. നേവിയിൽ സർവീസിലുള്ള കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ഉദ്യോഗാർഥികളെ സമീപിച്ചിരുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ ജോലി തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ കൊച്ചി പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോലി വാഗ്ദാനം നൽകി വൻതോതിൽ പണം തട്ടിയെടുത്തതായാണ് വിവരം. വ്യാഴാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Kerala
പാലക്കാട്: നാഗലശേരി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴെവീണ് യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദിനാണ് (29) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ശ്യാം പ്രസാദ് അതീവ ഗുരുതരാവസ്ഥയിൽ യുവാവ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. സോളാർപാനൽ ഫിറ്റിംഗ് ജോലികൾക്കായി കൂറ്റനാടെത്തിയ ശ്യാം നാഗലശേരി പഞ്ചായത്തിന് തൊട്ടരികിലെ ഇരുനില കെട്ടിടത്തിലായിരുന്നു താമസം.
താമസിക്കുന്ന മുറിയിൽ നിന്നും ശ്യാം ഫോൺ ചെയ്യുന്നതിനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോവുകയായിരുന്നു. ടെറസിന്റെ സൈഡ് ഭിത്തിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാകാമെന്നാണ് നിഗമനം.
Kerala
മലപ്പുറം: മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. മേലാറ്റൂര്‍ എടപ്പറ്റ തയ്യില്‍ നിഹാല്‍ മുഹമ്മദ് (23) ആണ് പിടിയിലായത്.
ബുധനാഴ്ച്ച രാത്രി എട്ടരയോടെ മഞ്ചേരി ചമയം ജംഗ്ഷനിൽ വച്ച് നാട്ടുകാര്‍ തടഞ്ഞിട്ടാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്നും പതിനാറര കിലോ കഞ്ചാവ് പിടികൂടി. ഇന്നോവ വാഹനത്തിന്റെ ബോണറ്റില്‍ അഞ്ച് വലിയ പാക്കറ്റുകളിലാക്കി പൊതിഞ്ഞ് ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്.
പാണ്ടിക്കാട് എക്സൈസും പോലീസും നടത്തിയ പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസും എക്സൈസും പിന്തുടര്ന്നു. ഇതിനിടെ അമിത വേഗത്തില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി വാഹനങ്ങളിലിടിച്ചു.
തുടര്‍ന്നാണ് നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തിയത്. ഇതോടെ ഇയാള്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയോടി. എന്നാൽ നാട്ടുകാര്‍ പിന്തുടര്ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പോലീസിന് കൈമാറി.
Kerala
പത്തനംതിട്ട: കോന്നി കൊക്കാത്തോട് അള്ളൂങ്കലില്‍ യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊക്കാത്തോട് അള്ളൂങ്കല്‍ താന്നിമൂട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടത്. 41 വയസായിരുന്നു.
ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. മനോജിന്റെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും തോടിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി പഞ്ചായത്തംഗം കെ.പി. ഷീബ പറഞ്ഞു.
മനോജ് കുളിക്കാനായി തോട്ടിലിറങ്ങുന്നതായി ചില പ്രദേശവാസികള്‍ കണ്ടിരുന്നു. നല്ല ആഴമുള്ള
തോടാണ്. ഇയാള്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
കൊച്ചി: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂർ ചേന്ദമംഗലം ഗോതുരുത്ത് ചേരമാൻതുരുത്തി വീട്ടിൽ ബെൻറ്റോയെ (26) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. വടക്കേക്കര, നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ ഏപ്രിൽ 15ന് വടക്കേക്കര ചിറ്റാറ്റുകരയിൽവച്ച് ഇയാളും, സംഘവും ചേർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന്, വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
വടക്കേക്കര പോലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ എൻ.ജി. അനീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.എം. നെർഷോൺ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ.പി. പ്രവീൺ, സി.എ. അനിൽ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
വര്‍ക്കല: മൂന്ന് ദിവസമായി കാണാതായിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
വിജിന്റെ അമ്മയാണ് കിണറ്റില്‍ എന്തോ കിടക്കുന്നതായി ആദ്യം കണ്ടത്. തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അയിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
വടക്കഞ്ചേരി: ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. 46 ഗ്രാം എംഡിഎംഎയുമായി കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാവിലെ പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപമാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽ നിന്നും ഇരുവരും രണ്ട് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. ബസ് ഇറങ്ങിയശേഷം ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടയാണ് ഇവർ പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലാവുമ്പോൾ ഇവരുടെ കൈവശം 45.253ഗ്രാം എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. 24.089 ഗ്രാം ഷാഹുലിന്റെ പാന്‍സിന്റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്നുമാണ് കണ്ടെടുത്തത്.
ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്.
District News
കാഞ്ഞങ്ങാട്: നാലു ക്രിമിനൽ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അജാനൂർ കൊളവയൽ ഇട്ടമ്മൽ സ്വദേശി കെ.എം. അഹമ്മദ് അഫ്സലിനെയാണ് (32) ഹൊസ്ദുർഗ് പോലീസ് അറസ്റ്റ്ചെയ്തത്. ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് പ്രതിക്കെതിരേ കരുതൽ തടങ്കൽ ഉത്തരവിറക്കിയത്.
നരഹത്യാശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയടക്കമുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശൻ, എസ്ഐ ടി. നീതു, എഎസ്ഐ എം. പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ് കുമാർ, ഇ.കെ. ധനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കർശന സുരക്ഷയോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Kerala
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാഹ ബന്ധം വേർപെടുത്തിയ, മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
യുവതിയുടെ പേരിൽ മലയോരത്ത് ഉണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് ചെറിയൊരു വീടും സ്ഥലവും വാങ്ങി. വീടും സ്ഥലവും വാങ്ങിയ ശേഷം ബാക്കി വന്ന തുക ശ്രീജിത്ത് കൈക്കലാക്കി. കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും പണയം വച്ചും പണം തട്ടി. പിന്നീട് ശ്രീജിത്ത് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിയുകയായിരുന്നു.
വിവാഹിതനായ ശ്രീജിത്ത് ഈ ബന്ധം വേർപെടുത്തിയിരുന്നു. മുൻപും ഇയാൾ വിവാഹ ബന്ധം വേർപെടുത്തി കഴിയുന്ന സ്ത്രീകളെ സമീപിച്ച് ബന്ധം സ്ഥാപിച്ച് പണം തട്ടിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വിവാഹം ബന്ധം വേർപെടുത്തിയ പരപ്പ സ്വദേശിനിയുടെ വീട്ടിൽ വിവാഹാഭ്യർഥനയുമായി ശ്രീജിത്ത് എത്തിയിരുന്നതായും വിവരമുണ്ട്.
District News
തലയോലപ്പറമ്പ്: മദ്യലഹരിയിൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആശുപത്രി ഉപകരണങ്ങൾക്ക് കേടുവരുത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.
തലയോലപറമ്പ് ഇല്ലിത്തൊണ്ട് മാവുങ്കൽ പ്രശാന്തി(34)നെതിരെയായിരുന്നു വൈക്കം പോലീസ് കേസെടുത്തത്.14ന് രാത്രി തലയോലപറമ്പിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രശാന്തിനെ തലയോലപ്പറമ്പ് പോലീസ് വൈദ്യപരിശോധനയ്ക്കായി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അക്രമാസക്തനായ ഇയാൾ ആശുപത്രി ഉപകരണങ്ങൾ തകർത്തെന്നാണ് കേസ്. ആർ എം ഒ യുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: പള്ളുരുത്തിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. പള്ളുരുത്തി ചുള്ളിക്കൽ ഹൗസിൽ അനു ജോയ് (36) ആണ് അറസ്റ്റിലായത്.
കൊച്ചി സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്. ലഹരിമുക്ത ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനയിലാണ് എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തിയത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം പള്ളുരുത്തി പുല്ലർ ദേശം റോഡ് സ്നേഹം ലൈനിലുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 11 എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെടുത്തത്.
പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
District News
കൊട്ടിയം: സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറി തീകൊളുത്തിയ അധ്യാപകനായ യുവാവ് മരിച്ചു. കൊട്ടാരക്കര ചാന്തുര്‍ അമ്പലത്തും കാല അമ്പനാട്ടു വീട്ടില്‍ അജിത് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ മുഖത്തല എന്‍എസ്എസ് യുപി സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ കയറിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാലക്കാട് അധ്യാപകനായി ജോലിനോക്കുകയാണിയാള്.
മരിക്കാന്‍ പോകുന്ന വിവരം ഇയാള്‍ ബന്ധുവിനെ രാത്രിയില്‍ ഫോണില്‍ വിളിച്ച് അറിയിച്ചു. ബന്ധു ഉടന്‍ പോലീസിനെ അറിയിക്കുകയും മുഖത്തലയിലെത്തുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സ്കൂള്‍ മതില് ചാടിക്കടന്ന് എത്തുമ്പോഴേക്കും ഇയാള്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തിയിരുന്നു. വിജയന്‍പിള്ളയുടെയും ഗീതാകുമാരിയുടെയും മകനാണ്. ഭാര്യ: ശ്രീക്കുട്ടി. മകള്‍: ആത്മിക. സംഭവത്തിൽ കൊട്ടിയം പോലീസ്കേസെടുത്തു.
Kerala
തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവ് കായലില്‍ മുങ്ങി മരിച്ചു. കാപ്പില്‍ ബീച്ചിന് സമീപത്തുള്ള കായലിലാണ് യുവാവ് മുങ്ങി മരിച്ചത്. അഞ്ചല്‍ പനച്ചവിള കമലാവിലാസത്തില് കെ കണ്ണന് (42) ആണ് മരിച്ചത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എങ്ങനെയാണ് കായലില്‍ വീണതെന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Kerala
കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്.
വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തുന്ന കുപ്പിവെള്ളമാണ് കണ്ടച്ചിറയിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും വില്‍പ്പന നടത്തിയത്.
ഇത് കുടിച്ച ഉടനെ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. വെള്ളത്തില്‍ വെളുത്ത പാടകളും മാലിന്യവും കണ്ടെത്തിയിട്ടുണ്ട്.
District News
രാജാക്കാട്: രാജാക്കാടിനു സമീപം ഈറ്റക്കാനത്ത് യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോലത്ത് വീട്ടിൽ അനിൽ (തമ്പി-44)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരച്ചില്ല മുറിച്ച ശേഷം താഴെയിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ട നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. ഭാര്യ: രജിത. മക്കൾ: ആര്യനന്ദ, ആദിദേവ്.രാജാക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോഴിക്കോട്: താമരശേരി ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം. പെരുമ്പാമ്പ് റോഡിൽ കിടക്കുന്നത് കാരണം ഗതാഗത തടസം ഉണ്ടായിരുന്നു. കൽപ്പറ്റയിൽ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറിൽ ഭക്ഷണം കഴിക്കാൻ വരികയായിരുന്ന ആസാദ് കാറിൽ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
പാമ്പിനെ മാറ്റുന്നതിനായി പാമ്പിന്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്താണ് ആസാദിനെ പാന്പ് കടിച്ചത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിന്റെ എതിർവശത്തേക്ക് നീങ്ങി.
Kerala
തൃശൂർ: കുക്കറിലെ തിളപ്പിച്ച ചോറിൽ കഞ്ചാവ് ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) ആണ് അറസ്റ്റിലായത്.
400 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. അന്വേഷണത്തിൽ പ്രതിക്ക് രണ്ടു കേസുകളുണ്ടെന്നു വ്യക്തമായി. എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും എതിരേ കത്തിവീശിയ സംഭവത്തിലെ പ്രതിയാണ് ബിനീഷ്
കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. അന്വേഷണസംഘം വീട്ടിലെ വിവിധയിടങ്ങളിൽ പരിശോധിച്ചു.
പരിശോധനയ്ക്കിടെ അടുക്കളയിൽ നിന്നും കുക്കർ വിസിലടിച്ചു. കഞ്ചാവിന്റെ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി. കുക്കർ പരിശോധിച്ചപ്പോൾ അടുപ്പിൽ തിളച്ചിരുന്ന ചോറിൽനിന്നും കഞ്ചാവ് പൊതി കണ്ടെത്തി.
കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശരത് സോമൻ, ഡാൻസാഫ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷ് എന്നിവരടങ്ങുന്ന സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
Kerala
പാലക്കാട്: ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ സഹയാത്രികന് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശി ജിഷ്ണുവിന് (25) ആണ് കുത്തേറ്റത്.
പ്രതിയായ വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ആയിരുന്നു അക്രമണമെന്നാണ് വിവരം.
എറണാകുളം-കരായിക്കല്‍ എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു ജിഷ്ണു. നല്ല തിരക്കുള്ള ട്രെയിനിൽനിന്ന് ഇറങ്ങാൻ പോകുന്നതിനിടെ നിലത്ത് കിടക്കുകയായിരുന്ന ആളുടെ ദേഹത്ത് അറിയാതെ തട്ടി. ഇതിൽ പ്രകോപിതനായ പ്രതി കത്തിയെടുത്ത് കാലില്‍ കുത്തുകയായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു.
Kerala
ഇടുക്കി: അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്.
വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കനത്ത മഴയിൽ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത മഴയിൽ കാഞ്ഞങ്ങാട് ഹൊസ്ദുർഗിൽ യുബിഎംസി സ്കൂൾ വളപ്പിനോട് ചേർന്ന മതിൽക്കെട്ട് ഇടിഞ്ഞു താണു.
സ്കൂൾ കുട്ടികളുൾപ്പെടെ ഉപയോഗിക്കുന്ന വഴിയിലാണ് കോൺക്രീറ്റ് ഭീമും ഉരുളൻ കല്ലുകളും ഉൾപ്പെടെ നിലം പതിച്ചത്. ആരും കടന്നുപോകാത്ത സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ യുവതിയും ഭർത്താവും ചേർന്ന് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി. ഫത്തേപൂർ സ്വദേശി വിജയ് നിഷാദിനെ മെയ് എട്ട് മുതൽ കാണാനില്ലായിരുന്നു. വിജയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. സംഭവത്തിൽ കിരൺ ദേവി, ഭർത്താവ് കാംത പ്രസാദ് എന്നിവർ പിടിയിലായി.
വിജയ്യും കിരണും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കാംത ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിയുകയും തുടർന്ന് കിരണുമായി ചേർന്ന് വിജയ്യെ കൊലപ്പെടുത്താൻ പദ്ധതിയിടുകയുമായിരുന്നു.
ദമ്പതികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി വിജയ്യെ കിരൺ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഈ സമയം കംത ഇയാളെ ആക്രമിച്ച് കൊല്ലുകയുമായിരുന്നു. കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള മാർഗങ്ങളെപ്പറ്റി ദമ്പതികൾ യൂട്യൂബിൽ തിരച്ചിൽ നടത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.
മൃതദേഹം ചാക്കിൽ കൊള്ളാതായപ്പോഴാണ് കഷ്ണങ്ങളായി മുറിച്ച് വനത്തിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നു. തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ദമ്പതികൾ കുറ്റം സമ്മതിച്ചു.
District News
അളഗപ്പനഗർ: സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചുമറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. വേലൂപ്പാടം കിണർ സ്വദേശി കരിയത്താൻ വീട്ടിൽ വേലായുധന്റെ മകൻ അഭിജിത്തിനാണ് പരിക്കേറ്റത്.
തലയ്ക്കു ഗുരുതരപരിക്കേറ്റ അഭിജിത്തിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലൂർ പാടം വഴിയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ അളഗപ്പ പാർക്കിന്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
District News
വടക്കഞ്ചേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിനു ഗുരുതരമായി പരിക്കേറ്റു. കിഴക്കഞ്ചേരി കോരഞ്ചിറ ആണ്ടിയപ്പുവിന്റെ മകൻ രത്നേഷിനാണ് പരിക്കേറ്റത്.
ബസ് ജീവനക്കാരനായ രത്നേഷ് ജോലി കഴിഞ്ഞ് പതിവുപോലെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ കുന്നങ്കാടിനും വേങ്ങശേരിക്കുമിടയിൽ മേലിടിക്കാവ് പള്ളിക്ക് സമീപത്തുവച്ചാണ് പന്നിയുടെ ആക്രമണമുണ്ടായത്.
പന്നി റോഡിലേക്കുചാടി വാഹനത്തിലും കാലിലും ഇടിക്കുകയായിരുന്നു. നാട്ടുകാരും വഴിയാത്രക്കാരും ചേർന്നാണ് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും ഇതുവഴി യാത്ര ചെയ്യുന്ന വാഹനയാത്രക്കാർക്ക് മുമ്പും സമാനമായ അപകടങ്ങളുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വനംവകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി. കെപി റോഡിൽ റെയിൽവേമേൽ പാലത്തിനു സമീപം ബൈക്കുകൾ കൂട്ടിയിച്ച് അപകടത്തിൽപ്പെട്ട യുവാവിനെ മന്ത്രിയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. കരീലക്കുളങ്ങര തറമേൽ തെക്കതിൽ അബിൻ ബാബു (30), അടുർ മടവിളയിൽ ജോർജ് (28) എന്നിവർക്കാണ് പരിക്കേറ്റത്.
അബിൻ ബാബുവിനെ കൂടെ ഉണ്ടായിരുന്ന സൃഹൃത്തുക്കൾ ബൈക്കിലിരുത്തി ആശുപത്രിയിൽ എത്തിച്ചപ്പോൾ ജോർജ് റോഡിൽ പരിക്കുപറ്റി കിടക്കുകയായിരുന്നു. ഈ സമയം അതുവഴിവന്ന മന്ത്രി എം. ലിജു ഉടൻ ഗൺമാന്റെ സഹായത്തോടെ പരിക്കേറ്റ ജോർജിനെ ഔദ്യോഗികവാഹനത്തിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവാവിനു വേണ്ട ചികിത്സ നൽകണമെന്ന് ആശുപത്രി അധികൃതരോട് നിർദേശിച്ച്, പരുക്കേറ്റ യുവാവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് ആസാം സ്വദേശിയെ ഒരു സംഘം ആളുകള്‍ ചേർന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. ആസാം സ്വദേശിയായ പ്രൊസന്‍ജിത്ത് ദാസ് (35) ആണ് കൊല്ലപ്പെട്ടത്.
ആസാമില്‍ നിന്ന് ജോലിക്കായി തിരുവള്ളൂരില്‍ എത്തിയതായിരുന്നു പ്രൊസന്ജിത്തും ആറ് പേരും. തിരുവള്ളൂരില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു സംഘം. മദ്യലഹരിയില്‍ പ്രൊസൻജിത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് ഇയാള്‍ സ്ത്രീയുടെ വീട്ടില്‍ എത്തുകയും ബഹളം വയ്ക്കുകയുമായിരുന്നു. സ്ത്രീ ഉടൻ തന്നെ വീട്ടില്‍ കയറി വാതില്‍ അടച്ചു.
പ്രൊസന്‍ജിത്ത് അക്രമാസക്തനാവുകയും ജനല്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ സ്ത്രീ ബന്ധുക്കളെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. ഇതോടെ സ്ത്രീയുടെ ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി പ്രൊസന്‍ജിത്തിനെ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രൊസന്‍ജിത്ത് പിന്നീട് മരിണത്തിന് കീഴടങ്ങി. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കാമുകിയെ മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും മരിച്ചെന്നു കരുതി റോഡിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി നിതിൻ (31) ആണ് അറസ്റ്റിലായത്.
കുന്നത്തുനാട് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്.
പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമാണ് യുവതി. നിതിന്റെ വിവാഹം ഉറപ്പിച്ചതോടെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവർ തമ്മിൽ കലഹമുണ്ടായി.
കടുത്ത മർദനത്തിനൊടുവിൽ യുവതി മരിച്ചെന്നു കരുതി നിതിൻ, ഇവരുടെ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിൽ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.
പുലർച്ചെ ബോധം വീണ്ടു കിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംഗ്ഷനിൽ എത്തി നാട്ടുകാരെ വിവരം ധരിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
Kerala
നീണ്ടൂർ: കിണറ്റിൽ വീണ് യുവാവ് മരിച്ചു. നീണ്ടൂർ കല്ലുങ്കൽ പറമ്പിൽ സനിഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ കിണറിന്റെ ആൾമറ കെട്ടിൽ കിടന്നുറങ്ങുകയായിരുന്ന സനിഷ് കിണറ്റിലേക്കു വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
വ്യാഴാഴ്ച രാവിലെ സനീഷ് വീട്ടിൽ എത്തിയില്ലന്ന വിവരം വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അയൽവാസികളും സുഹൃത്തുക്കളും തെരച്ചിൽ നടത്തിയപ്പോൾ സമീപത്തെ കിണറിന്റെ അടുത്ത് ചെരുപ്പ് കിടക്കുന്നത് കണ്ടു.
തുടർന്ന് കോട്ടയത്തുനിന്നും ഫയർഫോഴ്സെത്തി തെരച്ചിൽ നടത്തി കിണറ്റിൽനിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സനിഷ് കിണറിന്റെ കെട്ടിൽ കിടന്നുറങ്ങുന്നത് പതിവായിരുനെന്ന് നാട്ടുകാർ പറയുന്നു.
Kerala
കോഴിക്കോട്: വയറില്‍ കത്തിവച്ച് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ മൂന്ന് പേര് പിടിയില്‍. ഗൂഗിള്‍ പേ വഴി പണം അയപ്പിക്കുകയും കൈയിലുണ്ടായിരുന്ന പണം കവരുകയുമായിരുന്നു.
കോഴിക്കോട് അരക്കിണര്‍ സ്വദേശി ഷക്കീര്‍ നിവാസില്‍ മുഹമ്മദ് കൈഫ്(23), പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി മേലേകുഴിമ്പാട്ടില് വീട്ടില്‍ മുഹമ്മദ് അന്‍ഷിദ്(23), പെരുവയല്‍ കായലം സ്വദേശി അത്തിക്കാട്ടിന്‍മേല്‍ വീട്ടില്‍ ഫസല്‍(26) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് എസ്കെ ടെമ്പിള്‍ റോഡിന് സമീപത്തുവച്ച് ഇവര്‍ ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
ക്രൂരമായി മര്‍ദിച്ച ശേഷം വയറില്‍ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ഫോണ്‍ പിടിച്ചു വാങ്ങി ഗൂഗിള്‍ പേ വഴി മറ്റൊരു അക്കൗണ്ടിലേക്ക് 27,000 രൂപ അയപ്പിക്കുകയും പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന 1500 രൂപ കവരുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
തിരുവല്ലം: പാച്ചല്ലൂര്‍ പൊഴിക്കരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തിരുവല്ലം ഇടയാര്‍ കിളിയന്‍ മുടമ്പന് വീട്ടില്‍ നിസാമിന്റെ മകന് ഷഹിന്‍ (22) നെ ആണ് കാണാതായത്.
ഇന്നലെ വൈകുന്നേരം 3.40 ഓടുകൂടിയായിരുന്നു സംഭവം. വൈകുന്നേരം 11 പേരടങ്ങുന്ന യുവാക്കളുടെ സംഘമായിരുന്നു പൊഴിക്കരയില്‍ എത്തിയത്. അപകടം പതിയിരിക്കുന്ന കടലും ആറും ചേരുന്ന സ്ഥലത്തിന് സമീപത്തായി ആറിലായിരുന്നു യുവാക്കള്‍ കുളിക്കാന്‍ ഇറങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം അടിയൊഴുക്കുളള പൊഴിയില്‍ കുളിക്കവേയാണ് ഷഹിനെ കാണാതായത്.
യുവാക്കളുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും ഷഹിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തിരുവല്ലം പോലീസും പൂന്തുറ പോലീസും വിഴിഞ്ഞത്തുനിന്നും കോസ്റ്റല്‍ പോലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി വൈകുന്നരം ആറു മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും ഷഹിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരുവല്ലം പോലീസ് കേസെടുത്തു.
Kerala
ആലപ്പുഴ : കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ വികസനം ജംഗ്ഷന് പടിഞ്ഞാറ് വൈക്കത്ത് വീട്ടിൽ ഷിബുവിന്റെ മകൻ ഷിജിൻ(24) ആണ് മരിച്ചത്
ഇന്ന് വൈകുന്നേരം 3.30 ഓടെ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെടുകയായിരുന്നു.
നാട്ടുകാർ രക്ഷിച്ച് ചെട്ടികാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Kerala
കൂത്തുപറമ്പ്: ഇരുനില വീടിന്റെ മുകളിൽനിന്ന് താഴേക്കുവീണ സ്ത്രീ തൊഴിലാളിക്ക് ദൈവത്തിന്റെ കരസ്പർശമേകി കൂടെ ജോലി ചെയ്തിരുന്ന യുവാവ്. പാനൂരിനടുത്ത തൂവ്വക്കുന്നിൽ ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നുസംഭവം. തൂവ്വക്കുന്ന് കല്ലുമ്മൽപള്ളിക്ക് സമീപത്തെ വലിയ പീടികയിൽ ഷൗക്കത്തിന്റെ ഇരുനില വീടിന് മുകളിലെ ഓട് താഴേക്ക് ഇറക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന അപകടവും അദ്ഭുതകരമായ രക്ഷാപ്രവർത്തനവും നടന്നത്.
തൊഴിലാളിയായ വളയം കല്ലുനിര സ്വദേശിനി ചന്ദ്രി മുകളിൽനിന്നും താഴേക്ക് വീഴുകയായിരുന്നു. ഈ സമയം താഴെ ചരക്ക് വാഹനത്തിലുണ്ടായിരുന്ന തൊഴിലാളി രഞ്ജീഷ് ചന്ദ്രിയെ തന്റെ കൈകളിൽ താങ്ങുകയായിരുന്നു. രഞ്ജീഷിന്റെ കൈത്താങ്ങോടെ വീഴ്ചയുടെ ആഘാതം കുറയുകയും ചന്ദ്രി ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെടുകയുമായിരുന്നു.
District News
ചാവക്കാട്: ദേശീയപാത 66 പൊന്നാനി ആനപ്പടി പാലത്തിനു സമീപം കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലയൂർ എടപ്പുള്ളി നാലകത്ത് കാരക്കാട് അബുബക്കറിന്റെ മകൻ മുഹമ്മദ് ആദിൽ(22) ആണ് മരിച്ചത്. പൊന്നാനി ആനപ്പടി പാലത്തിനും പള്ളപ്രം പാലത്തിനും ഇടയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഉടനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
റാഞ്ചി: ജാർഖണ്ഡിലെ ഖുന്തിയിൽ കുടുംബാംഗങ്ങൾ മരിച്ചെന്ന് കരുതി അടക്കം ചെയ്ത യുവാവ് ജീവനോടെ തിരിച്ചെത്തി. വീട്ടിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള രാംഗഢിൽ പോയ വിസ്രാം മുണ്ട എന്ന യുവാവാണ് തിരിച്ചെത്തിയത്. പോലീസ് കണ്ടെടുത്ത ഒരു അജ്ഞാത മൃതദേഹം വിസ്രാമിന്റെതാണെന്ന് കുടുംബാംഗങ്ങൾ തെറ്റായി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അടക്കം ചെയ്തത്.
വിവാഹ വിരുന്നിൽ പങ്കെടുക്കാൻ എന്ന് പറഞ്ഞ് മെയ് 10 ന് വീട്ടിൽ നിന്നിറങ്ങിയ വിസ്രം പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് ഒരു ഓടയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെടുത്തു. ഇതേ തുടർന്ന് മൃതദേഹം വിസ്രാമിന്റെതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുകയായരുന്നു. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനൽകുകയും സംസ്കരിക്കുകയും ചെയ്തു.
എന്നാൽ സംസ്കാരം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം വിസ്രാം വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. ആരോടും പറയാതെ രാംഗഢിയിലേക്ക് പോവുകയായിരുന്നു എന്ന് ഇദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞു.
സംസ്കരിച്ച മൃതദേഹം ആരുടെതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൃതദേഹം പുറത്തെതുത്ത് ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
ന്യൂഡല്‍ഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കേശവ് ചൗക്കില്‍ വച്ച് അമാനുള്ള ഖുറേഷി (22) എന്ന യുവാവാണ് മരിച്ചത്.
ബൈക്കില്‍ പോവുകയായിരുന്ന അമാനുള്ളയെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നിരവധി തവണ സംഘം നിറയൊഴിച്ചിട്ടുണ്ട്.
ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
Kerala
തൃശൂർ: എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അനൂപ് (42) ആണ് അറസ്റ്റിലായത്.
തൃശൂർ റൂറൽ പോലീസ് ആണ് അനൂപിനെ അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്.
ഞായറാഴ്ച്ച വൈകുന്നേരം ഏഴോടെ അനീഷും, അനൂപും ഉൾപ്പെടെ അഞ്ചംഗ സുഹൃത്തുക്കൾ അയ്യൻപടിയിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടോടെ അനീഷും, അനൂപും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ അനൂപ്, അനീഷിനെ ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനീഷിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു.
കുത്തേറ്റ അനീഷിന്റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അനൂപിനെ അയ്യൻപടി ഉന്നതിയിലെ ബന്ധു വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
അനൂപ് കയ്പമംഗലം, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കയ്പമംഗലം എസ്എച്ച്ഒ ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
National
പാറ്റ്ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ അര്‍ധരാത്രിയില്‍ വിവാഹിതയായ കാമുകിയെ കാണാന്‍ അവരുടെ വീട്ടില്‍ എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. 23കാരനായ ബാദല്‍ സിംഗാണ് മരിച്ചത്.
കാജല്‍ കുമാരിയുടെ ബന്ധുക്കള്‍ യുവാവിനെ പിടികൂടി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയുമായി ബാദല്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മോത്തിഹാരിയിലുള്ള ജാഖ്റ ഗ്രാമത്തില്‍ താമസിക്കുന്ന ബാദല്‍ ഗോപാല്‍ഗഞ്ചിലെത്തിയത് ശനിയാഴ്ച രാത്രിയാണ്. കാജല്‍ കുമാരി ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ബാദൽ മരിച്ചത്. നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ടൗണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
Kerala
കാസർഗോഡ്: ബദിയടുക്കയിൽ ക്രിക്കറ്റ് ടൂർണമെൻ്റിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് മരിച്ചു. മാർപ്പിനടുക്ക ബദ്രുകുഡ്ലുവിലെ കൊറഗയുടെ മകൻ സുരേഷ് ബി.കെ (42)ആണ് മരിച്ചത്.
കുമ്പഡാജെ പഞ്ചായത്ത് പരിധിയിലെ മാപ്പിനടുക്കയിലാണ് യുവാവിനെ പിച്ചാത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കളിക്കിടെ വാക്ക് തർക്കം ഉണ്ടാവുകയും ഉടൻ തന്നെ കത്തികൊണ്ട് യുവാവിനെ കുത്തിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ രണ്ടുപേർക്കെതിരെ ബദിയടുക്ക പോലീസ് കൊലകുറ്റത്തിന് കേസെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പന്തീരാങ്കാവ്: ഫ്ലാറ്റിൽ യുവാവിനു വെട്ടേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു. ബേപ്പൂർ നടുവട്ടം കുറുന്തോടത്ത് വയലിൽ എൻപി ഹൗസിൽ സെയ്ദ് ഇക്ബാലിനാണ് (33) വെട്ടേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം.
വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്ന യുവാവിനെ രാവിലെ സമീപവാസികളാണ് ആദ്യം കണ്ടത്. ഉടൻ പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിച്ചു. കഴുത്തിനും മറ്റുമായി പരിക്കുള്ള ഇക്ബാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നു മാസമായി ഇയാൾ ഭാര്യയ്ക്കൊപ്പം പെരുമണ്ണ അമ്പിലോളിയിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു. സംഭവ ദിവസം ഭാര്യ ബന്ധു വീട്ടിലായിരുന്നു. കഴുത്തിനു പരിക്കേറ്റ ഇക്ബാലിന് സംസാരിക്കാൻ കഴിയാത്തതിനാൽ വിവരങ്ങൾ ശേഖരിക്കാനാകുന്നില്ലെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്. സംഭവത്തിൽ അയിലം സ്വദേശി സജിക്കെതിരെ പോലീസ് കേസെടുത്തു.
കുഞ്ഞിന്റെ തല ചുമരിലിടിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്രൂരമായ മർദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ ഉണ്ടായിരിക്കുന്നത്.
അയിലം നെല്ലിമൂട് സ്വദേശിയായ സജി കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഇക്കാലമത്രയും യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു എന്നിങ്ങനെയാണ് സജി പറയുന്ന കാരണങ്ങൾ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
District News
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ സ്ലാബിനിടയിൽ അവശ നിലയിൽ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി. പെരിന്തൽമണ്ണ ഫയർഫോഴ്സ് ആണ് തമിഴ്നാട് തൃശിനാപ്പള്ളി സ്വദേശി ചന്ദ്രനെ രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. താഴെയിറങ്ങാൻ കഴിയാത്ത നിലയിൽ കുടുങ്ങിയിരുന്ന യുവാവിനെ പെരിന്തൽമണ്ണ അഗ്നിശമന സേനാംഗങ്ങൾ കയറിൽ തൂങ്ങി ഇറങ്ങി വലയുടെ സഹായത്തോടെ അതിസാഹസികമായാണ് യുവാവിനെ താഴെയിറക്കിയത്.
സ്റ്റേഷൻ ഓഫീസർ നാസറിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് ഫോഴ്സ് വാർഡൻ ശിഹാബ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. അനിൽ, ശരത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്ത്, ഹർഷാദ്, സുജിത്, ഹോം ഗാർഡ് ടി.കെ. രാമകൃഷ്ണൻ, സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
District News
വൈപ്പിൻ : യുവാവിനെ ബൈക്കിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. അപകടമാണെന്ന് സംശയം. എളങ്കുന്നപ്പുഴ പെരുമാൾപ്പടി കാരിക്കശേരി പോളിന്റെ മകൻ ആതൽ പോൾ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ വൈപ്പിൻ സംസ്ഥാനപാതയിൽ മാനാട്ടുപറമ്പ് കെടിഎക്സിനു സമീപത്താണ് ബൈക്കും മൃതദേഹവും കണ്ടെത്തിയത്. തുടർന്ന് ചിലർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.
ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ശരീരത്തിൽ പരിക്കുകളും തൊട്ടടുത്ത മതിലിൽ വാഹനം ഉരഞ്ഞ പാടുകളും ഉള്ളതിനാൽ ബൈക്ക് ഓടിച്ച് പോകുന്നതിനിടെ സംഭവിച്ച അപകടമാണെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. അമ്മ: ജിനി പോൾ. സഹോദരൻ: അലൻ പോൾ.
District News
കൊല്ലം: മുൻ വിരോധം നിമിത്തം യുവാവിനെയും സുഹ്യത്തുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിൽ ഉൾപ്പെട്ട രണ്ടു യുവാക്കൾ പോലീസിന്റെ പിടിയിലായി.
കൊല്ലം, താമരക്കുളം പുകയില പണ്ടകശാല, ആറ്റുകാൽ പുരയിടത്തിൽ അംജിത്ത് (37), താമരക്കുളം, പുകയില പണ്ടകശാല ആഷിക്ക് മൻസിലിൽ ഇസഹാക്ക് (37) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
കൊല്ലം വലിയകട സ്വദേശിയായ യുവാവിനെയും സുഹ്യത്തുക്കളേയുമാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പ്രതികൾക്കെതിരെ യുവാവ് നൽകിയ കേസ് പിൻവലിക്കാത്തതിനെ തുടർന്നുള്ള മുൻവിരോധമാണ് ആക്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ആറിന് രാത്രി 7.30 ആശ്രാമം ഹോക്കി സ്റ്റേഡിയത്തിനു സമീപം നിന്ന യുവാവിനെയും സുഹ്യത്തുക്കളേയും സംഘം ചേർന്നു വന്ന പ്രതികൾ ബിയർ കുപ്പിയും കമ്പിവടിയും കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നട ത്തിയ അന്വേഷണത്തിലാണ് സംഘത്തിൽ ഉൾപ്പെട്ട പ്രതികൾ പിടിയിലായത്.
അക്രമി സംഘത്തിൽ ഉൾപ്പെട്ട മറ്റോരു പ്രതിക്കായുള്ള അന്വേ ഷണം നടന്നു വരികയാണ്.കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ സജിവിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സന്ദീപ്, ജഗത് മോഹൻ സിപിഒമാരായ ഷൈജു, മുരുകേഷ്, ഷെഫീഖ്, അതുൽ, ദേവജിത്ത്, രാഹുൽ, അഭിഷന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
District News
കിഴക്കമ്പലം: പൂക്കാട്ടുപടിക്കു സമീപം യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂര്‍ പുളിമത്ത് സ്വദേശി പ്രവീണാ(38)ണ് മരിച്ചത്. ഊരക്കാട് റൈസ് മില്ലിലെ ഡ്രൈവറാണ് ഇദ്ദേഹം. ഇന്നലെ രാവിലെ 7.30 ഓടെയാണ് ഊരക്കാട് കല്ലന് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള റൈസ് മില്ലിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി ഇയാള്‍ ഈ മില്ലിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തടിയിട്ടപറമ്പ് പോലീസും പട്ടിമറ്റം ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തടിയിട്ടപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി ഭാഗത്ത് നെടിയാമലയിൽ വീട്ടിൽ അനന്തകൃഷ്ണനെ (21) ആണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുൻ വൈരാഗ്യം മൂലം തന്റെ മകനെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഏപ്രിൽ 28ന് രാത്രി ഒൻപതിനായിരുന്നു സംഭവം.
എസ്ഐമാരായ ചാർലി തോമസ്, എൻ.എസ്. റോയ് , സി.ബി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി. രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ് മരിച്ചു. ചെത്തല്ലൂർ കൊട്ടിലിങ്ങൽ അബ്ദുൾ ജബ്ബാറിന്റെ മകൻ റിയാസ്(35) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിന്റ വീടിന്റെ കിണർ നന്നാക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു.
ബുധനാഴ്ച കിണർ വൃത്തിയാക്കിയിരുന്നെങ്കിലും പണി പൂർണമായും കഴിയാത്തതിനെ തുടർന്ന് ഇന്ന് രാവിലെയും കിണറിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് മുകളിൽ നിന്നും സ്ലാബ് പൊട്ടിവീണത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊട്ടാരക്കര: മകൻ അമ്മയെ വെട്ടിപരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ മാതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈടിസി തയ്യിൽ പുത്തൻവീട്ടിൽ രാധാമണിയെ(68)യാണ് മകൻ മഹേഷ് കഴുത്തിൽ വെട്ടിപരിക്കേൽപിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കൊട്ടാരക്കര ഈടിസിയിലാണ് സംഭവം. മഹേഷ് സഹോദരിയെ മറ്റൊരു മുറിയിൽ കയറ്റി വാതിൽ പുറത്തുനിന്നും പൂട്ടിയ ശേഷമാണ് മാതാവിനെ ആക്രമിച്ചത്.
അടുക്കളയിൽ നിന്നിരുന്ന രാധാമണിയെ പിറകിൽ നിന്നെത്തി വാക്കത്തി ഉപയോഗിച്ച് കഴുത്തിന്റെ പിൻഭാഗത്ത് ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. തുടർന്ന് രാധാമണി മൂത്ത മകനായ സുമേഷിനെ മൊബൈലിൽ വിളിച്ചു.
കൊട്ടാരക്കരയിൽനിന്നും പോലീസ് എത്തി മഹേഷിനെ കസ്റ്റഡിയിൽ എടുത്തു. മഹേഷിന് മനോദൗർബല്യം ഉള്ളതായി പോലീസ് പറഞ്ഞു.
District News
വടക്കാഞ്ചേരി: പഴയ പുഴപ്പാലം പൊളിക്കുന്നതിനിടെ പാലംതകർന്ന് യുവാവിന് ഗുരുതര പരിക്ക്. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് ഗുരുതരമായി പരിക്കേറ്റത്.
പാലത്തിന്റെ സൈഡിലുള്ള ഇരുമ്പ് ഭാഗങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാലത്തിനുമുകളിൽ മധ്യഭാഗത്തുനിന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ഭാഗങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു.
സൈഡിലെ ഇരുമ്പുപാളി നീക്കംചെയ്തതോടെ പാലത്തിന്റെ ഒരു ഭാഗം തകർന്ന് താഴെയുള്ള വടക്കാഞ്ചേരി പുഴയിലേക്ക് പതിച്ചു. ഇതോടെ യുവാവും പുഴയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ മറ്റുവശങ്ങളിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു.
വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻതന്നെ ഇയാളെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.